Feb 22, 2012

ആപ്പിള്‍ ഐപാഡ് 4ജി മാര്‍ച്ചിലെത്താന്‍ സാധ്യത

ഐപാഡിന്റെ 4ജി വേര്‍ഷന്‍ ആപ്പിള്‍ മാര്‍ച്ച് ആദ്യവാരത്തില്‍ അവതരിപ്പിക്കാനിടയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. യുഎസില്‍ വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍, എടി&ടി എന്നിവയാകും ഇത് വില്പനക്കെത്തിക്കുകയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ വിഷയവുമായി ബന്ധമുള്ള ചില വ്യക്തികളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.


കഴിഞ്ഞാഴ്ച ടെക്‌നോളജി ബ്ലോഗായ ഓള്‍ തിംഗ്‌സ് ഡിയും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ ഐപാഡ് വേര്‍ഷന്റെ ഘടന നിലവിലെ മോഡലിനേത് പോലെയാണെന്നും അന്ന് ബ്ലോഗ് സാധ്യത പറഞ്ഞിരുന്നു. ഘടനയില്‍ കാര്യമായ മാറ്റമില്ലെങ്കിലും വേഗതയേറിയ കമ്പ്യൂട്ടര്‍ ചിപ്പും മെച്ചപ്പെടുത്തിയ ഗ്രാഫിക് പിന്തുണയും പുതിയ മോഡല്‍ വാഗ്ദാനം ചെയ്യുമെന്നുമാണ് ഓള്‍ തിംഗ്‌സ് ഡിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. പുതിയ വാര്‍ത്തയെ തുടര്‍ന്ന് ആപ്പിളിന്റെ ഓഹരി വില ഉയര്‍ന്നിട്ടുണ്ട്.